2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. ഡിസംബർ 20-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഈ തീരുമാന പ്രകാരം, 2021 ഡിസംബർ 26 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കുന്നതാണ്:
- യാത്രികർ കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. നേരത്തെ 72 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ ഫലങ്ങൾ കുവൈറ്റ് അംഗീകരിച്ചിരുന്നു.
- മുഴുവൻ യാത്രികർക്കും കുവൈറ്റിൽ പ്രവേശിച്ച ശേഷം 10 ദിവസത്തെ ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. എന്നാൽ യാത്രികർക്ക് ആവശ്യമെങ്കിൽ, കുവൈറ്റിൽ എത്തി 72 മണിക്കൂർ പൂർത്തിയാക്കിയ ശേഷം നടത്തുന്ന PCR പരിശോധനയിൽ ലഭിക്കുന്ന നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് കൊണ്ട് ഈ ഹോം ക്വാറന്റീൻ അവസാനിപ്പിക്കാമെന്നും ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കുവൈറ്റ് ക്യാബിനറ്റ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.