സൗദി: മൂന്ന് മാസത്തെ ഇടവേളയിൽ COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

സൗദി അറേബ്യയിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകിവരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ഇപ്പോൾ മൂന്ന് മാസത്തെ ഇടവേളയിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 20-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം സൗദിയിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം പൂർത്തിയാക്കുന്നതോടെ ബൂസ്റ്റർ കുത്തിവെപ്പ് നേടാവുന്നതാണ്. ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ‘Tawakkalna’, ‘Sehhaty’ എന്നീ ആപ്പുകളിലൂടെ പൂർത്തിയാക്കാവുന്നതാണ്.

COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് ഇടവേള കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വൈറസ് വകഭേദങ്ങളെ ചെറുക്കുന്നതിന് ബൂസ്റ്റർ ഡോസ് ഏറെ പ്രധാനമാണെന്ന് സൗദി ആരോഗ്യ വകുപ്പ് നേരെത്തെ വ്യക്തമാക്കിയിരുന്നു.

വിദേശരാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാനും, ബൂസ്റ്റർ ഡോസ് ഉൾപ്പടെ, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പൊതുസമൂഹത്തോട് നിർദ്ദേശിച്ചിരുന്നു.

രാജ്യത്തെ പ്രവാസികൾക്കും, പൗരന്മാർക്കും Tawakkalna ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. സൗദിയിലെ COVID-19 സുരക്ഷാ നിയമങ്ങൾ പ്രകാരം വ്യക്തികൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും, പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉൾപ്പടെ വിവിധ കാര്യങ്ങൾക്ക് തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിർബന്ധമാണ്.