യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഡിസംബർ 23-നാണ് എമിറേറ്റ്സ് പോസ്റ്റ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ രാജ്യത്തിന്റെ പുരോഗതിക്കായും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ച കാഴ്ചപ്പാടുകളുടെയും, നടപടികളുടെയും സ്മരണകളെ ചൂണ്ടിക്കാട്ടുന്നതിനായാണ് ഈ പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. 3 ദിർഹം വീതം മൂല്യമുള്ള രണ്ട് സ്റ്റാമ്പുകളാണ് എമിറേറ്റ്സ് പോസ്റ്റ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്.
“രാജ്യത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വേളയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലെ നേട്ടങ്ങളെ ഉയർത്തികാട്ടുന്നതിനായി ഈ സ്റ്റാമ്പുകൾ പുറത്തിറക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്.”, എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് സി ഇ ഓ അബ്ദുള്ള മുഹമ്മദ് അൽ അഷ്‌റാം വ്യക്തമാക്കി. ഇതോടൊപ്പം 8 ദിർഹം മൂല്യമുള്ള ഫസ്റ്റ് ഡേ കവറുകളും എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
ഈ സ്റ്റാമ്പുകൾ എമിറേറ്റ്സ് പോസ്റ്റ് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നിന്നും, https://www.emiratespostshop.ae/ എന്ന വിലാസത്തിലെ ഓൺലൈൻ ഷോപ്പിൽ നിന്നും ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ എടുത്ത് കാട്ടുന്നതിനായി, എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകളും, സുവനീർ ഷീറ്റുകളും നേരത്തെ പുറത്തിറക്കിയിരുന്നു.
WAM