കുവൈറ്റ്: ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി

Kuwait

2021 ഡിസംബർ 26 മുതൽ 2022 ജനുവരി 31 വരെയുള്ള കാലയളവിൽ രാജ്യത്തെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരുടെയും അവധികൾ റദാക്കിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആഗോളതലത്തിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നടപടി. ആരോഗ്യ വകുപ്പിലെ സ്രോതസുകളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റിൽ നിലവിൽ പതിമൂന്ന് പേരിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോൺ വകഭേദം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ മന്ത്രാലയം കൂടുതൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ, രാജ്യത്തെ ആശുപത്രികളിൽ അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾക്ക് താത്‌കാലിക വിലക്കേർപ്പെടുത്തുന്നതിനും, കൂടുതൽ ഐ സി യു വാർഡുകൾ തുറക്കുന്നതിനും, ഫീൽഡ് ഹോസ്പിറ്റലുകൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ആരോഗ്യ വകുപ്പിലെ സ്രോതസുകൾ അറിയിച്ചിരിക്കുന്നത്.