ഖത്തർ: ഡിസംബർ 31 മുതൽ പുതിയ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; മാസ്കുകൾ വീണ്ടും നിർബന്ധമാക്കാൻ തീരുമാനം

GCC News

2021 ഡിസംബർ 31, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് പുതിയ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 29-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഡിസംബർ 29-ന് വൈകീട്ട് ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. COVID-19 വ്യാപനം തടയുന്നതിനായി ഡിസംബർ 31 മുതൽ ഖത്തറിൽ താഴെ പറയുന്ന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്:

  • രാജ്യത്തെ മുഴുവൻ പൊതു ഇടങ്ങളിലും (ഇൻഡോർ, ഔട്ട്ഡോർ ഉൾപ്പടെ) മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കുന്നതാണ്. തുറന്ന ഇടങ്ങളിൽ കായിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
  • തുറന്ന വേദികളിൽ നടത്തുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ പരമാവധി 75 ശതമാനം സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന രീതിയിൽ സംഘടിപ്പിക്കാൻ അനുമതി നൽകും.
  • ഇൻഡോർ വേദികളിൽ നടത്തുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ പരമാവധി 50 ശതമാനം സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന രീതിയിൽ സംഘടിപ്പിക്കാൻ അനുമതി നൽകും. ഇത്തരത്തിൽ പങ്കെടുക്കുന്ന 90 ശതമാനം സന്ദർശകരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സന്ദർശകർക്ക് റാപ്പിഡ് ആന്റിജൻ, അല്ലെങ്കിൽ PCR ടെസ്റ്റ് നിർബന്ധമാണ്.
  • രാജ്യത്ത് സംഘടിപ്പിക്കുന്ന എല്ലാ തരം സമ്മേളനങ്ങൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവയ്ക്കും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണ്.
  • രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും കൃത്യമായി എല്ലാ മേഖലകളിലും നടപ്പിലാക്കപ്പടേണ്ടതാണ്.
  • ഇവ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം മറ്റു സർക്കാർ വിഭാഗങ്ങൾ എന്നിവർ ചേർന്ന് കൈക്കൊള്ളേണ്ടതാണെന്നും ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

2021 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുന്നതാണ്.