ഫൈസർ പുറത്തിറക്കിയിട്ടുള്ള ഗുളികരൂപത്തിലുള്ള COVID-19 പ്രതിരോധ മരുന്നായ പാക്സ്ലോവിഡ് രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരിൽ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിയതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജനുവരി 1-ന് വൈകീട്ടാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഈ അനുമതി നൽകിയത്. പാക്സ്ലോവിഡ് മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഫൈസർ നൽകിയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അതോറിറ്റി ഇത് സംബന്ധിച്ച അനുമതി നൽകിയിരിക്കുന്നത്.
ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവരിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് അതോറിറ്റി നൽകിയിരിക്കുന്നത്. പാക്സ്ലോവിഡ് ജനുവരിയിൽ തന്നെ ബഹ്റൈനിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുളിക രൂപത്തിലുള്ള പാക്സ്ലോവിഡ് COVID-19 രോഗബാധയ്ക്ക് കാരണമാകുന്ന വൈറസ് ശരീരത്തിൽ പെരുകുന്നത് തടയുന്നതിനായുള്ള ‘PF-07321332’, ‘Ritonavir’ എന്നീ രണ്ട് മരുന്നുകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.