പുതുവർഷം 2022: ഇരട്ട ഗിന്നസ് റെക്കോർഡ് നേട്ടത്തോടെ റാസൽഖൈമ

UAE

2022-ലെ പുതുവർഷ വേളയിലും റാസൽഖൈമ ഇരട്ട ഗിന്നസ് റെക്കോർഡ് നേട്ടത്തിന് സാക്ഷിയായി. റാസൽഖൈമയിൽ നടന്ന അതിമനോഹരമായ വെടിക്കെട്ട് പ്രദർശനം രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർത്തുകൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചു.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കാണികളാണ് ഈ കരിമരുന്ന് പ്രദർശനം ആസ്വദിച്ചത്. ശുഭാപ്തിവിശ്വാസത്തോടെ പുതുവർഷത്തെ വരവേറ്റുകൊണ്ട് റാസൽഖൈമ സംഘടിപ്പിച്ച ഈ കരിമരുന്ന് പ്രയോഗം യു എ ഇയുടെ രൂപീകരണത്തിന്റെ അമ്പതാം വർഷത്തിന്റെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

അറേബ്യൻ ഗൾഫിൽ നിന്ന് ഗാംഭീര്യത്തോടെ ഉയരുന്ന രീതിയിലൊരുക്കിയ ഈ വെടിക്കെട്ട് പ്രദർശനത്തിൽ നൂതന പൈറോടെക്നിക് ഡ്രോൺ പ്രകടനങ്ങളും, 15,000-ലധികം ഇഫക്റ്റുകളും ഉൾപ്പെടുത്തിയിരുന്നു. 4.7 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് ഈ കരിമരുന്ന് പ്രയോഗം അവതരിപ്പിക്കപ്പെട്ടത്. 12 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യാവിഷ്കാരം ഇതിഹാസ ഓർക്കസ്ട്ര സംഗീതത്തിന്റെ അകമ്പടിയോടെ സന്ദർശകർക്ക് മുന്നിൽ വിളക്കുകളുടെയും സംഗീതത്തിന്റെയും ഒരു സിംഫണിയായി മാറി.

ലോകത്തിലെ ഏതൊരു കെട്ടിടത്തേക്കാളും ഉയരത്തിൽ 1,055.8 മീറ്റർ (1 കിലോമീറ്ററിൽ കൂടുതൽ) ഉയരത്തിൽ ലൈറ്റുകളുടെ അതിമനോഹരമായ ഒരു ഗോപുരവുമായാണ് ഈ വെടിക്കെട്ട് പ്രദർശനം പുതുവത്സരത്തെ വരവേറ്റത്. തുടർന്ന് ആകാശത്ത് ഫയർവർക്ക് ഡ്രോണുകൾ ഉപയോഗിച്ച് വിവിധ വർണ്ണങ്ങളിൽ ‘ഹാപ്പി ന്യൂ ഇയർ’ എന്ന സന്ദേശം എഴുതിക്കൊണ്ട് സംഘാടകർ സന്ദർശകരെ ആവേശത്തിലേക്ക് ഉയർത്തി.

ഈ രണ്ട് പ്രദർശനങ്ങളും റാസൽ ഖൈമയുടെ പേരിൽ രണ്ട് പുതിയ ഗിന്നസ് റെക്കോർഡുകൾ എഴുതിച്ചേർത്തു. ‘ഏറ്റവും ഉയരത്തിലുള്ള മൾട്ടിറോട്ടർ/ഡ്രോൺ ഫയർവർക്ക്സ് ഡിസ്പ്ലേ’, ‘ഏറ്റവുമധികം റിമോട്ട് ഓപ്പറേറ്റഡ് മൾട്ടിറോട്ടറുകൾ/ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തു നിന്ന് ഒരുക്കുന്ന വെടിക്കെട്ട്’ എന്നീ ഗിന്നസ് റെക്കോർഡുകളാണ് റാസൽ ഖൈമ നേടിയത്. എമിറേറ്റിലെ ന്യൂ ഇയർ കരിമരുന്ന് പ്രദർശനങ്ങൾ നേരത്തെയും ലോക റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

WAM