രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.
ഈ തീരുമാനം 2022 ജനുവരി 12 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ പ്രായവിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടില്ലെന്നും, ആവശ്യമുള്ളവർക്ക് കുത്തിവെപ്പ് സ്വീകരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സിനോഫാം വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ള പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ കുത്തിവെപ്പിന് അർഹത ലഭിക്കുന്നതാണ്. ഇവർക്ക് ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ സിനോഫാം, അല്ലെങ്കിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പാണ് നൽകുന്നത്.
ഫൈസർ ബയോഎൻടെക് COVID-19 വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ള പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ കുത്തിവെപ്പിന് അർഹത ലഭിക്കുന്നതാണ്. ഇവർക്ക് ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പാണ് നൽകുന്നത്.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികളുടെ ‘BeAware’ ആപ്പിലെ ഗ്രീൻ ഷീൽഡ് മഞ്ഞ നിറത്തിലേക്ക് മാറില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.