അബുദാബി: കൃത്യമായ സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് പോലീസ്

UAE

എമിറേറ്റിലെ റോഡുകളിൽ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ജനുവരി 13-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021-ൽ മാത്രം എമിറേറ്റിൽ ഇത്തരത്തിൽ അശ്രദ്ധമായി വാഹനങ്ങൾ ഡ്രൈവ് ചെയ്ത 16378 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാതെ വാഹനങ്ങൾ ദിശാമാറ്റി ഓടിക്കുന്നത് പുറകിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ അമ്പരപ്പ്‌ ഉണ്ടാക്കാനിടയുണ്ടെന്നും, ഇത് വാഹനാപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.

വാഹനങ്ങൾ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് ദിശമാറ്റുന്നതിന് മുൻപായി ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു. ഇതിൽ വരുത്തുന്ന വീഴ്ച്ചകൾക്ക് ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ 83 പ്രകാരം 400 ദിർഹം പിഴ ചുമത്താവുന്നതാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.