2022 ജനുവരി 20, വ്യാഴാഴ്ച്ച മുതൽ രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി. ഇത് ജനുവരി 20 മുതൽ ഏതാനം ദിവസങ്ങൾ നീണ്ട് നിൽക്കുമെന്നും CAA കൂട്ടിച്ചേർത്തു.
ജനുവരി 18-നാണ് ഒമാൻ CAA ഈ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയത്. രാജ്യത്തുടനീളം വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാമെന്നും, ഇതിനെത്തുടർന്ന് താഴെ പറയുന്ന കാലാവസ്ഥാ പ്രതിഭാസങ്ങൾ അനുഭവപ്പെടാമെന്നും CAA അറിയിപ്പിൽ വ്യക്തമാക്കുന്നു:
- ഒമാൻ കടൽ, മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരമേഖലകൾ എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്നതാണ്. ഈ മേഖലയിൽ പരമാവധി രണ്ട് മുതൽ നാല് മീറ്റർ വരെയുള്ള തിരമാലകൾ അനുഭവപ്പെടാവുന്നതാണ്.
- രാജ്യത്തിന്റെ തുറസായ പ്രദേശങ്ങളിലും, മരുഭൂ പ്രദേശങ്ങളിലും, മണൽക്കാറ്റിനെ തുടർന്ന് കാഴ്ച്ച തടസപ്പെടുന്നതിന് സാധ്യതയുണ്ട്.
- അന്തരീക്ഷ താപനിലയിൽ അഞ്ച് മുതൽ എട്ട് ഡിഗ്രി വരെ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ CAA നിർദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുന്നവർ, മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധപുലർത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.