COVID-19: വാർത്തകൾക്കും അറിയിപ്പുകൾക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക

GCC News

കൊറോണാ വൈറസ് സംബന്ധമായ വാർത്തകൾക്കും അറിയിപ്പുകൾക്കും ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ അബുദാബി ഡിപ്പാർമെൻറ് ഓഫ് ഹെൽത്ത് (DoH – Abu Dhabi) ആഹ്വാനം ചെയ്തു. അബുദാബിയിലെ ഒരു പാര്‍പ്പിടസമുച്ചയത്തിൽ COVID-19 കണ്ടെത്തിയെന്ന തരത്തിൽ ശനിയാഴ്ച്ച പ്രചരിച്ചിരുന്ന വാർത്തയെ തള്ളിക്കൊണ്ട് DoH – Abu Dhabi പ്രസ്‌താവന പുറത്തിറക്കിയിരുന്നു.

ആരോഗ്യ സുരക്ഷാ മന്ത്രാലയത്തിനാണ് കൊറോണാ വൈറസ് രോഗസംബന്ധമായ അറിയിപ്പുകൾ ഔദ്യോഗികമായി പുറത്തിറക്കുന്നതിനുള്ള അധികാരമുള്ളത്; അവർ സമയാസമയങ്ങളിൽ രോഗവിവരങ്ങളെപ്പറ്റിയും പ്രതിരോധ നടപടികളെ പറ്റിയുമുള്ള സുതാര്യമായ അറിയിപ്പുകൾ പുറത്തിറക്കുന്നുണ്ട്. സമൂഹത്തിൽ കിംവദന്തികൾ പ്രചരിക്കുന്നത് തടയാനും, രോഗപ്രതിരോധ നടപടികൾ കൃത്യമായി പാലിക്കുന്നതിലൂടെ രോഗം തടയാനും, ഇത്തരം വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. ആരോഗ്യ സുരക്ഷാ മന്ത്രാലയവുമായി ചേർന്ന് അബുദാബിയിലെ ആരോഗ്യ രംഗത്ത് COVID-19 പതിരോധിക്കുന്നതിനുള്ള ലോക നിലവാരത്തിലുള്ള എല്ലാ നടപടികളും എടുത്തുവരികയാണ് എന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷയക്കാണ് മുൻതൂക്കം നല്കിവരുന്നതെന്നും പ്രസ്‌താവനയിൽ പറയുന്നു.

ഇതിനിടെ നേരത്തെ 2020 യു എ ഇ ടൂറുമായി ബന്ധപ്പെട്ട് കൊറോണാ ബാധ സ്ഥിരീകരിച്ച രണ്ട് പേരും റേസിംഗ് ടീമുകളിലെ സാങ്കേതിക വിദഗ്ദരാണെന്നും റേസിങ്ങിൽ പങ്കെടുത്ത സൈക്കിളോട്ടക്കാരല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 612 പേരെ രോഗ പരിശോധനയ്ക്ക് വിധേയരാക്കിയതായും, ഇതിൽ 450 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാ എന്ന് സ്ഥിരീകരിച്ചതായും ആരോഗ്യ സുരക്ഷാ മന്ത്രലയം അറിയിച്ചു. 162 പേരുടെ ആരോഗ്യ പരിശോധനാ ഫലങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.