സൗദി: മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുമെന്ന് സൂചന

GCC News

രാജ്യത്തെ മാർക്കറ്റിംഗ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സൗദി പൗരന്മാർക്കായി മാർക്കറ്റിംഗ് മേഖലയിൽ ഏതാണ്ട് 12000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്.

സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് വക്താവ് സാദ് അൽ ഹമദിനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വരും നാളുകളിൽ മാർക്കറ്റിംഗ് മേഖലയിൽ ഏതാണ്ട് 12000 തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്കായി മാറ്റിവെക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഏതാണ്ട് 5000 സൗദി പൗരന്മാർ ഈ മേഖലയിൽ തൊഴിൽ നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണ നടപടികൾ നിർബന്ധമായും നടപ്പിലാക്കുമെന്നും, ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.