ഒമാൻ: പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് MERA വ്യക്തത നൽകി

GCC News

രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ രണ്ടാഴ്ച്ചത്തേക്കാണ് താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) വ്യക്തമാക്കി. ഈ തീരുമാനം 2022 ജനുവരി 23 മുതൽ ഫെബ്രുവരി 5 വരെയുള്ള കാലയളവിലാണ് നിലവിൽ ബാധകമാക്കിയിട്ടുള്ളതെന്ന് MERA അറിയിച്ചിട്ടുണ്ട്.

https://twitter.com/meraoman/status/1484868921647841282

രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി 2022 ജനുവരി 21-ന് രാത്രി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ നിയന്ത്രണം ജനുവരി 23 മുതൽ ഫെബ്രുവരി 5 വരെയുള്ള രണ്ടാഴ്ച്ചത്തെ കാലയളവിലേക്കാണ് ബാധകമാക്കുന്നതെന്ന് MERA വ്യക്തമാക്കിയിട്ടുണ്ട്.

അമ്പത് ശതമാനം വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് ദിനവും അഞ്ച് നേരമുള്ള പ്രാർത്ഥനകൾ പള്ളികളിൽ തുടരുമെന്നും MERA അറിയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയവും, മറ്റു അധികൃതരും നൽകുന്ന COVID-19 മുൻകരുതൽ നിയമങ്ങൾക്ക് വിധേയമായാണ് പള്ളികളിലേക്ക് വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നത്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത് ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ പള്ളികളുടെ കവാടങ്ങളിൽ നടപ്പിലാക്കുന്നതാണ്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഒമാൻ സുപ്രീം കമ്മിറ്റി 2022 ജനുവരി 21-ന് ഈ തീരുമാനം പ്രഖ്യാപിച്ചത്.