യു എ ഇ: ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

UAE

രാജ്യത്തിന്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഹൂതികളുടെ ഭീകരാക്രമണങ്ങളെ യു എ ഇ പ്രതിരോധ സേന തടയുന്നതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ പങ്ക് വെച്ചത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച നിരവധി വ്യക്തികളുമായി പബ്ലിക് പ്രോസിക്യൂഷൻ കൂടിക്കാഴ്ച നടത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത്തരം വീഡിയോകൾ രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങൾക്കും, രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും, സ്ഥിരതയ്ക്കും ഭീഷണിയാണെന്നും, രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമായ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വരുത്തുന്നതിനായി യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി മുന്നറിയിപ്പ് നൽകുകയും, രാജ്യത്തെ ദേശീയ നിയമങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. സമൂഹത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാനും അദ്ദേഹം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അപകടസാധ്യതകൾ അദ്ദേഹം ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടി. ഇത്തരം ശ്രമങ്ങൾ സമാധാനത്തിന് ഭീഷണിയാകുകയും, പൊതുസമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും, സംഘർഷം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വസ്തുതകളും വിവരങ്ങളും പുറത്തുവിടുന്നതിൽ ദേശീയ അധികാരികൾ സുതാര്യമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഡോ. അൽ ഷംസി പറഞ്ഞു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ, പൊതു ക്രമം, സമൂഹത്തിന്റെ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

WAM