രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. ഖത്തറിൽ നിന്ന് നിയമപരമായി രാജ്യം വിടുന്നതിന് ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള പ്രവാസികൾക്ക്, ഇതിന് അനുമതി നൽകിക്കൊണ്ടുള്ള ട്രാവൽ പെർമിറ്റ് അനുവദിക്കുന്ന സാഹചര്യത്തിൽ, ഇത്തരം പെർമിറ്റുകൾ അനുവദിച്ച തീയതി മുതൽ പത്ത് ദിവസത്തിനുള്ളിൽ ഖത്തറിൽ നിന്ന് മടങ്ങിയിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് എന്നീ വകുപ്പുകൾ സംഘടിപ്പിച്ച ഒരു വെബിനാറിലാണ് ഉദ്യോഗസ്ഥർ പൊതുമാപ്പ് കാലാവധിയെക്കുറിച്ച് വ്യക്തമാക്കിയത്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 മാർച്ച് 31-ന് അവസാനിക്കുമെന്നും അധികൃതർ ഈ വെബിനാറിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ നാട് കടത്തപ്പെടുന്ന 18 വയസിന് താഴെ പ്രായമുള്ളവർക്ക് ഖത്തറിലേക്ക് തിരികെ മടങ്ങുന്നതിന് വിലക്കേർപ്പെടുത്തുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും 2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് 31 വരെ പൊതുമാപ്പ് കാലാവധി എന്ന രീതിയിൽ ആഭ്യന്തര മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 2021 ഡിസംബർ 31 വരെ പ്രഖ്യാപിച്ച ഈ പൊതുമാപ്പ് കാലാവധി പിന്നീട് 2022 മാർച്ച് 31 വരെ നീട്ടി നൽകുകയായിരുന്നു.
ഈ കാലാവധി ഉപയോഗിച്ച് കൊണ്ട് ഖത്തറിൽ നിന്ന് മടങ്ങുന്ന ഇത്തരം പ്രവാസികൾക്ക് തങ്ങളുടെ പിഴ തുകകൾ ഒഴിവാക്കി നൽകുന്നതുൾപ്പടെയുള്ള ഇളവുകൾ ലഭിക്കുന്നതാണ്. അനധികൃതമായി രാജ്യത്ത് തുടരുന്നവർക്ക് തങ്ങളുടെ രേഖകൾ ക്രമപ്പെടുത്തുന്നതിനും, നിയമപരമായി രാജ്യത്ത് നിന്ന് മടങ്ങുന്നതിനുമായി ഈ കാലാവധി കാലതാമസം കൂടാതെ പരമാവധി പ്രയോജനപ്പെടുത്താൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
തങ്ങളുടെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാത്തവരും, റെസിഡൻസി പെർമിറ്റുകൾ പുതുക്കാത്തവരുമായ തൊഴിലുടമകൾക്ക് ഒത്തുതീര്‍പ്പ് നടപടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുകകളിൽ ഈ പൊതുമാപ്പ് കാലയളവിൽ അമ്പത് ശതമാനം കിഴിവ് അനുവദിക്കുന്നതിനും ഖത്തർ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം രേഖകൾ തിരുത്തി നേടുന്നതിനുള്ള അപേക്ഷകൾ പ്രവാസികൾക്കോ, തൊഴിലുടമകൾക്കോ ഈ കാലയളവിൽ സെർച്ച് ആൻഡ് ഫോളോഅപ്പ് ഡിപ്പാർമെന്റിലോ സേവനകേന്ദ്രങ്ങളിലോ നൽകാവുന്നതാണ്. ഒരേ തൊഴിലുടമയ്ക്ക് കീഴിൽ തന്നെ ഇത്തരം രേഖകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ അൽ ഷാംയാൽ, അൽ ഖോർ, അൽ ദായേൻ, ഉം സുലാൽ, അൽ ലുലു, ഉനൈസ, സൗഖ് വാഖിഫ്, അൽ റയ്യാൻ, ഉം സുനൈമ്, ശഹാനിയ, മിസായിമീർ, വക്ര, ദുഖാൻ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ സമർപ്പിക്കാവുന്നതാണ്.