രാജ്യത്ത് നിന്ന് ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി യു എ ഇ വിമാന കമ്പനികൾ അറിയിച്ചു. 2022 ഫെബ്രുവരി 24-ന് പുലർച്ചെ റഷ്യ ഉക്രൈനിൽ സൈനിക ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് വ്യോമയാന സർവീസുകൾ നിർത്തലാക്കിയിരിക്കുന്നത്.
“നിലവിലെ ഉക്രൈനിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും, ഉക്രൈനിലേക്കുള്ള വ്യോമപാത അടച്ച സാഹചര്യത്തിലും ഉക്രൈനിലേക്കും, തിരികെയുമുള്ള എല്ലാ വിമാന സർവീസുകളും താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് https://wizzair.com/#/ എന്ന വിലാസം സന്ദർശിക്കുകയോ, 00380 893 202 532 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.”, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ് എയർ ട്വിറ്ററിലൂടെ അറിയിച്ചു.
https://www.flydubai.com എന്ന വിലാസത്തിലെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ദുബായിൽ നിന്ന് കീവ്, ഒഡെസ എന്നീ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ 2022 മാർച്ച് 8 വരെ ലഭ്യമല്ലെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കിയിട്ടുണ്ട്. ഷാർജയിൽ നിന്ന് കീവിലെക്കുള്ള സർവീസുകൾ മാർച്ച് 8 വരെ നിർത്തിവെച്ചതായി എയർ അറേബ്യയും (https://www.airarabia.com/en) അറിയിച്ചിട്ടുണ്ട്. ഉക്രൈൻ വ്യോമപാത ഉപയോഗിച്ചുള്ള സർവീസുകൾ ഒഴിവാക്കുന്നതായി എത്തിഹാദ് എയർവെയ്‌സും അറിയിച്ചിട്ടുണ്ട്.
യാത്രാ വിമാനങ്ങൾക്ക് ഉക്രൈൻ എയർസ്പേസ് ഉപയോഗിച്ചുള്ള വ്യോമയാന സേവനങ്ങൾ നൽകുന്നത് താത്‌കാലികമായി നിർത്തലാക്കിയതായി ഉക്രേനിയൻ സ്റ്റേറ്റ് എയർ ട്രാഫിക് സെർവീസസ് എന്റർപ്രൈസ് ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചിട്ടുണ്ട്. https://uksatse.ua/index.php?s=418d93a571d2b9887ae43ecbaa31443a&act=Part&CODE=247&id=772 എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്.
യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നൽകുന്ന ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം (2022 ഫെബ്രുവരി 24 രാത്രി 10:23-ന് നൽകിയ അറിയിപ്പ്) റഷ്യ, ബെലാറസ് എന്നിവ ഉക്രൈനുമായി അതിർത്തി പങ്കിടുന്ന 200 നോട്ടിക്കൽ മൈൽ (370.4 KM) എയർസ്പേസ് ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉള്ളതായി വ്യക്തമാക്കുന്നു.