ഒമാൻ: പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തതായി തൊഴിൽ മന്ത്രാലയം

Oman

രാജ്യത്തെ പ്രവാസികൾക്ക് വർക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് സംബന്ധിച്ചുള്ള ഒരു അവലോകനം നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവൈനിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർക്ക് വിസ ഫീസ് അവലോകനം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വരുന്ന ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഈ പുതിയ നിയമങ്ങൾ നിലവിൽ മന്ത്രിതല ഉപദേശകസമിതിയുടെ അംഗീകാരം ലഭിക്കുന്നതിനായി സമർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.