സൗദി: വാക്സിനേഷൻ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാൻ അനുമതി

GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 25-നാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള പെർമിറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതാണ്ട് രണ്ട് വർഷത്തോളമായി കുട്ടികൾക്ക് ഈ പള്ളികളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇപ്പോൾ ഈ പുതിയ അറിയിപ്പ് പ്രകാരം Tawakkalna ആപ്പിൽ ഇമ്മ്യൂൺ (immune) സ്റ്റാറ്റസ് ഉള്ള ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം പെർമിറ്റുകൾ നൽകുന്നതാണ്.

Cover Photo by Richard Mortel