2021-ലെ പൊതു മാപ്പ് പദ്ധതിയുടെ കീഴിൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് എന്നേക്കുമായി മടങ്ങിപ്പോയതായി ഒമാൻ തൊഴിൽ വകുപ്പ് അറിയിച്ചു. ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി. H.E. പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവെയ്നിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് നിയമപരമായി രാജ്യത്ത് നിന്ന് മടങ്ങുന്നതിന് അവസരം നൽകുന്നതിനായാണ് ഒമാൻ ഈ പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചത്. 58720 തൊഴിലാളികൾ 2021-ലെ ഈ പൊതു മാപ്പ് പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ നിയമപരമല്ലാത്ത തൊഴിൽ പ്രവണതകൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുമായി ചേർന്ന് തൊഴിൽ വകുപ്പ് ത്വരിതപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.