യു എ ഇ: ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

GCC News

വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് രാജ്യത്തെ ഫൈനാൻഷ്യൽ, കൊമേഴ്ഷ്യൽ, എക്കണോമിക് സ്ഥാപനങ്ങളുടെ ഡാറ്റ മോഷ്ടിക്കുന്നതും, ദുരുപയോഗം ചെയ്യുന്നതും നിയമപരമായി ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2022 മാർച്ച് 2-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഫൈനാൻഷ്യൽ, കൊമേഴ്ഷ്യൽ, എക്കണോമിക് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനുള്ള പിഴകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള 2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 34-ന്റെ ആർട്ടിക്കിൾ 8 അനുസരിച്ച്, “ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി മാർഗങ്ങൾ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക, വാണിജ്യ അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനവുമായി ബന്ധപ്പെട്ട ഡാറ്റ അല്ലെങ്കിൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ആരെങ്കിലും നേടിയെടുക്കുകയോ, പരിഷ്ക്കരിക്കുകയോ, നശിപ്പിക്കുകയോ, വെളിപ്പെടുത്തുകയോ, ലഭ്യമാക്കുകയോ, റദ്ദാക്കുകയോ, ഇല്ലാതാക്കുകയോ, ഭേദഗതി ചെയ്യുകയോ, പുനർനിർമ്മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, അല്ലെങ്കിൽ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്താൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് താൽക്കാലിക തടവിനും 500,000 ദിർഹം മുതൽ ദിർഹം 3,000,000 വരെ പിഴയ്ക്കും ശിക്ഷിക്കപ്പെടുന്നതാണ്.”, പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

പൊതുസമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവരുടെ അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറിയിപ്പ്.

WAM