ഖത്തർ: COVID-19 വാക്സിനെടുക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രാലയം

GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 മാർച്ച് 2-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പിൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കേണ്ടതിന്റെ 6 പ്രധാന കാരണങ്ങൾ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • ഗുരുതര രോഗബാധയേൽക്കാനുള്ള സാധ്യത കുറയ്ക്കുന്നു – COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരിൽ ഗുരുതര രോഗബാധയേൽക്കാനുള്ള സാധ്യത കുറവാണെന്ന് മന്ത്രാലയം അറിയിച്ചു. COVID-19 രോഗബാധയുമായി ബന്ധപ്പെട്ട കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. COVID-19 വാക്സിനെടുക്കാത്ത രോഗബാധിതർക്ക് ഐ സി യു ചികിത്സ ആവശ്യമാകുന്നതിനുള്ള സാധ്യത വാക്സിനെടുത്തവരെക്കാൾ എട്ട് മടങ്ങ് അധികമാണെന്ന് മന്ത്രാലയം അറിയിച്ചു.
  • രോഗബാധയ്ക്ക് ശേഷം ദീർഘകാലം നീണ്ട് നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു – COVID-19 രോഗബാധിതരിൽ രോഗബാധ ഭേദമായ ശേഷവും ആഴ്ചകളോ, മാസങ്ങളോ നീണ്ട് നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് വാക്സിനേഷൻ സഹായകമാണ്.
  • നമുക്ക് ചുറ്റുമുള്ള രോഗബാധയേൽക്കാൻ സാധ്യതയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുന്നു – COVID-19 രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാൻ വാക്സിനേഷൻ സഹായകമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ളവരിലേക്ക് രോഗബാധ പകരുന്നത് ഒഴിവാക്കുന്നതിനും, അതിലൂടെ അത്തരക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വാക്സിൻ സഹായകമാണ്.
  • വാക്സിനുകൾ സുരക്ഷിതമാണ് – ഖത്തറിൽ ഇതുവരെ ആറ് ദശലക്ഷം ഡോസ് COVID-19 വാക്സിൻ സുരക്ഷിതമായി നൽകിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിൽ ഏതാനം പേരിൽ മാത്രമാണ് ചെറിയ രീതിയിലുള്ള പാർശ്വഫലങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ ഇതുവരെ പത്ത് ബില്യൺ ഡോസ് കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്.
  • ഭാവിയിലെ COVID-19 രോഗവ്യാപന തരംഗങ്ങൾ ഒഴിവാക്കാൻ വാക്സിൻ സഹായകമാണ് – കൂടുതൽ പേരിലേക്ക് വാക്സിനേഷൻ നടപടികൾ എത്തുന്നതോടെ ഭാവിയിലെ COVID-19 രോഗവ്യാപന തരംഗങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
  • ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുന്നതിന് വാക്സിൻ സഹായിക്കുന്നു – രാജ്യത്തെ ഭൂരിഭാഗം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നത് ജനജീവിതം സാധാരണ രീതിയിലേക്ക് തിരികെ കൊണ്ട് വരുന്നതിന് സഹായകമാണ്.