മസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതിനുള്ള തീരുമാനം താത്കാലികമായി നിർത്തിവെച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 മാർച്ച് 6-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
2022 മാർച്ച് 6 മുതൽ റുവി, സൗത്ത് അൽ ഖുവൈർ, അൽ ഖൗദ് എന്നിവിടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുമെന്നാണ് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തലാക്കിയതായി മുനിസിപ്പാലിറ്റി മാർച്ച് 6-ന് സ്ഥിരീകരിച്ചിട്ടുണ്ട്.
താഴെ പറയുന്ന ഇടങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നത്:
- റുവിയിലെ സുൽത്താൻ മോസ്കിന് ചുറ്റുമുള്ള കാർ പാർക്ക്.
- സൗത്ത് അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ളതും, വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശത്തുമുള്ളതായ കാർ പാർക്കുകൾ.
- അൽ ഖൗദ് സൂഖിലെ പുതിയ കാർ പാർക്ക്, ഒറീഡോ വ്യാപാരശാലയ്ക്ക് പിറകിലെ കാർ പാർക്ക്.
ഈ തീരുമാനം താത്കാലികമായി നിർത്തിവെച്ചതായും, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമായി തുടരുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.