കുവൈറ്റ്: മാർച്ച് 13 മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് തിരികെ മടങ്ങും

GCC News

2022 മാർച്ച് 13, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകളുടെയും, സ്ഥാപനങ്ങളുടെയും പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് തിരികെ മടങ്ങുമെന്ന് കുവൈറ്റ് സിവിൽ സർവീസ് ബ്യുറോ അറിയിച്ചു. 2022 മാർച്ച് 11-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇതോടെ ഞായറാഴ്ച്ച മുതൽ കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങൾ COVID-19 മഹാമാരി ആരംഭിക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന ഔദ്യോഗിക പ്രവർത്തന രീതിയിലേക്ക് മടങ്ങുന്നതാണ്. സമ്പൂർണ്ണ ശേഷിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് ഓഫീസുകളിൽ എത്തുന്നതിൽ നൽകി വന്നിരുന്ന എല്ലാ ഇളവുകളും ഒഴിവാക്കിയതായി കുവൈറ്റ് സിവിൽ സർവീസ് ബ്യുറോ വ്യക്തമാക്കിയിട്ടുണ്ട്.

കൃത്യമായ കാരണങ്ങളാൽ അനുവദിക്കപ്പെട്ട അവധികൾ പ്രകാരം മാത്രമാണ് ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിന് അനുമതി നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഷിഫ്റ്റ് സമ്പ്രദായം, ഫ്ലെക്സിബിൾ വർക്കിംഗ് ശൈലി എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.

Cover Image: Kuwait News Agency.