രാജ്യത്തെ നഗരപരിധികൾക്കുള്ളിൽ നൽകുന്ന ടാക്സി സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാലാക്കാൻ തീരുമാനിച്ചതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാന പ്രകാരം പരമാവധി നാല് യാത്രികർ എന്ന രീതിയിൽ നടത്തുന്ന എല്ലാ യാത്രകൾക്കും മിനിമം ചാർജ്ജായി 10 റിയാൽ ഈടാക്കുന്നതാണ്.
മിനിമം ചാർജ്ജ് വർദ്ധനവിന് പുറമെ, സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും ഈടാക്കുന്ന തുകയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഈ പുതിയ തീരുമാന പ്രകാരം, മിനിമം ചാർജ്ജിന് പുറമെ, യാത്ര ചെയ്യുന്ന ഓരോ കിലോമീറ്ററിനും ഈടാക്കുന്ന നിരക്ക് 1.80 റിയാലിൽ നിന്ന് 2.10 റിയാലിലേക്ക് ഉയർത്തിയിട്ടുണ്ട്.
വെയ്റ്റിംഗ് ചാർജ്ജ് നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ മിനിറ്റിന് 0.80 ഹലാല എന്ന രീതിയിൽ ഈടാക്കിയിരുന്ന വെയ്റ്റിംഗ് ചാർജ്ജ് 0.90 ഹലാല എന്നാക്കി ഉയർത്തിയിട്ടുണ്ട്. മണിക്കൂറിൽ 20 കിലോമീറ്ററിൽ താഴെ വേഗതയിൽ സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യത്തിലും ഈ നിരക്ക് അധികമായി ഈടാക്കുന്നതാണ്.