സൗദി: വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു; പഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി

GCC News

സൗദി അറേബ്യയിലെ സ്‌കൂളുകളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ മൂന്നാം സെമസ്റ്റർ അധ്യയനം പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി ഏതാണ്ട് ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ മടങ്ങിയെത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ വിദ്യാലയങ്ങളിലെല്ലാം സമ്പൂർണ്ണ ശേഷിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് അധ്യയനം പുനരാരംഭിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലെ ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ ഇതിന്റെ ഭാഗമായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

COVID-19 പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിർത്തലാക്കിയിരുന്ന അസംബ്ലി, കായിക മത്സരങ്ങൾ, പഠ്യേതര പ്രവർത്തനങ്ങൾ, സ്‌കൂൾ റേഡിയോ, സ്‌കൂൾ കാന്റീനുകൾ എന്നിവയ്ക്ക് മൂന്നാം സെമസ്റ്റർ മുതൽ അനുമതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം സാമൂഹിക അകലം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പിൻവലിച്ചിട്ടുണ്ട്. എന്നാൽ വിദ്യാലയങ്ങൾ അണുവിമുക്തമാക്കുന്നതുൾപ്പടെയുള്ള മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ തുടരുന്നതാണ്.

രാജ്യത്തെ വിദ്യാലയങ്ങളിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത് മുതൽ ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിപ്പ് നൽകിയിരുന്നു.

Cover Image: Saudi Ministry of Education.