എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 17 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഒമാൻ പവലിയൻ ഒരു ദശലക്ഷം സന്ദർശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
2022 മാർച്ച് 20-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എക്സ്പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്.
ഒമാന്റെ പ്രകൃതി സമ്പത്തിലും, സാംസ്‌കാരിക പൈതൃകത്തിലും ഊന്നിയാണ് ഈ പവലിയനിലെ കാഴ്ച്ചകളും, അനുഭവങ്ങളും ഒരുക്കിയിരിക്കുന്നത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.
സന്ദർശകർക്ക് മുന്നിൽ, ഒമാൻ എന്ന രാജ്യത്തിന്റെ ഗതാഗതം, അറിവ്, നിർമ്മാണം, സുസ്ഥിരത, പര്യവേക്ഷണം എന്നീ മേഖലകളിൽ കുന്തിരിക്കം ചെലുത്തിയിട്ടുള്ള സ്വാധീനം വെളിപ്പെടുത്തുന്ന പ്രദർശനം ഒമാൻ പവലിയന്റെ ആകർഷണങ്ങളിലൊന്നാണ്. ഒമാനിലെ 400-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നുള്ള 2000-ത്തിൽ പരം ചരക്കുകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ഒരു വാണിജ്യ കേന്ദ്രവും ഈ പവലിയന്റെ പ്രത്യേകതയാണ്.
രാജ്യത്തിന്റെ ‘ഒമാൻ 2040’ ദർശനം ഉൾക്കൊള്ളുന്ന വിവിധ ഒമാനി സ്ഥാപനങ്ങളുടെ നേട്ടങ്ങൾ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഒമാന്റെ ചരിത്രവും രാജ്യത്തിന്റെ നാഗരികവും മാനുഷികവുമായ നേട്ടങ്ങളും അതിന്റെ ഭാവി അഭിലാഷങ്ങളും സന്ദർശകർക്കായി ഈ പവലിയൻ വെളിപ്പെടുത്തുന്നു.
രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.