എക്സ്പോ വേദിയിലെ സൗദി പവലിയനിൽ സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു; എക്സ്പോ 2030 പ്രചാരണ പരിപാടികൾക്ക് സൗദി തുടക്കമിട്ടു

GCC News

എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി പവലിയനിൽ 2022 മാർച്ച് 28-ന് പ്രത്യേക സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു. ലോക എക്സ്പോ 2030-ന്റെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ സൗദി അറേബ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രചാരണം നൽകുന്നതിനായുള്ള ആഗോളതലത്തിലെ പ്രചാരണ പരിപാടികൾക്ക് ഈ സമാപന ചടങ്ങിൽ വെച്ച് അധികൃതർ തുടക്കം കുറിച്ചു.

എക്സ്പോ വേദിയിലെ സൗദി അറേബ്യയുടെ വിജയകരമായ പങ്കാളിത്തം എടുത്തുകാട്ടുന്ന രീതിയിൽ അതിഗംഭീരമായ ആഘോഷ പരിപാടികളോടെയാണ് പവലിയനിലെ ഈ സമാപന ചടങ്ങുകൾ സംഘടിപ്പിച്ചത്.

Source: Saudi Pavilion at Expo 2020 Dubai.

2022 മാർച്ച് 25 വരെ മാത്രം ഏതാണ്ട് 4.6 ദശലക്ഷം സന്ദർശകരാണ് സൗദി പവലിയനിലെത്തിയത്.

Source: Saudi Pavilion at Expo 2020 Dubai.

“സൗദി പവലിയനിലെത്തിയ ദശലക്ഷക്കണക്കിന് സന്ദർശകർക്ക് രാജ്യം മുന്നോട്ട് വെക്കുന്ന ഭാവി സ്വപനങ്ങൾ ദർശിക്കാൻ അവസരം ലഭിച്ചു. എക്സ്പോ 2030-യിലൂടെ റിയാദ് ലോകത്തിനായി ഒരുക്കിവെക്കുന്ന കാഴ്ച്ചകൾക്ക് ഇന്ന് ഇവിടെ തുടക്കമാകുന്നു”, സമാപന ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി സി ഇ ഓ ഫഹദ് അൽ റഷീദ് അറിയിച്ചു.

എക്സ്പോ 2020 വേദിയിലെ സൗദി പവലിയനിലെത്തിയ എല്ലാ സന്ദർശകർക്കും പവലിയൻ സംഘാടകർ നന്ദി അറിയിച്ചിട്ടുണ്ട്.

2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഔദ്യോഗികമായി അറിയിച്ചിരുന്നു. ലോക എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് സൗദി അറേബ്യ 2021 ഡിസംബറിൽ തുടക്കമിട്ടിരുന്നു.

സൗദി അറേബ്യയ്ക്ക് പുറമെ റഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഉക്രൈൻ എന്നീ രാജ്യങ്ങളും ലോക എക്സ്പോ 2030 വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.