ഖത്തർ വേൾഡ് കപ്പ് 2022 നടക്കുന്ന കാലയളവിൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നാമയാണ് ഇത്തരം വാർത്തകൾ തീർത്തും തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയത്. ഖത്തർ ടി വിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തർ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് പ്രവാസികളുടെയും, പൗരന്മാരുടെയും രാജ്യത്തേക്കുള്ള പ്രവേശനം, രാജ്യത്ത് നിന്ന് വിദേശത്തേക്കുള്ള യാത്രകൾ എന്നിവയെ ബാധിക്കുന്ന തീരുമാനങ്ങളൊന്നും അധികൃതർ കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. “ഖത്തറിളുള്ളവരെല്ലാം ലോകകപ്പ് കാണണമെന്നും, ഈ കാലയളവിൽ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹമെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നു എന്ന രീതിയിലുള്ള പ്രചാരണം തീർത്തും തെറ്റാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ജൂലൈ മാസത്തിന് ശേഷം ഖത്തറിൽ നിന്ന് പുറത്തേക്ക് യാത്രകൾ ഒഴിവാക്കണമെന്നും, ഈ കാലയളവിൽ പുറത്ത് പോകുന്നവർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ ഖത്തറിലേക്ക് തിരികെ മടങ്ങാനാകില്ലെന്നുമുള്ള രീതിയിലുള്ള ഊഹാപോഹങ്ങൾ ഖത്തറിലെ പ്രവാസികൾക്കിടയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.