യു എ ഇ: CBSE, ICSE പരീക്ഷകൾക്ക് നിലവിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Family & Lifestyle

ഇന്ത്യൻ പാഠ്യപദ്ധതി പ്രകാരമുള്ള (CBSE, Kerala, ICSE) പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്താമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയങ്ങൾക്ക് അറിയിപ്പ് നൽകി. യു എ ഇയിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർക്കാണ് അറിയിപ്പ് നൽകിയിട്ടുള്ളത്.

നിലവിലെ സാഹചര്യങ്ങളിൽ മന്ത്രാലയം നിഷ്കർഷിക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ട് വേണം പരീക്ഷകൾ നടത്തേണ്ടത് എന്ന് അറിയിപ്പിൽ പറയുന്നു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ അറിയിപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

പരീക്ഷാ കേന്ദ്രങ്ങൾക്ക് മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:

  • വിദ്യാർഥികൾ പ്രവേശിക്കുന്നതിന് മുന്നേയും പരീക്ഷകൾക്ക് ശേഷവും എല്ലാ പരീക്ഷാ ഹാളുകളും നിഷ്‌കർഷിച്ചിട്ടുള്ള പ്രകാരം അണുവിമുക്തമാക്കേണ്ടതും ശുചീകരണപ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.
  • ഓരോ പരീക്ഷാ ഹാളിലും 15 കുട്ടികളിൽ കൂടുതൽ കവിയാത്ത ചെറു സംഘങ്ങളായി തിരിച്ച് വേണം പരീക്ഷകൾ നടത്താൻ.
  • വിദ്യാർഥികൾ തമ്മിൽ നേരിട്ടിടപഴകുന്നത് കർശനമായി നിയ്രന്തിക്കേണ്ടതാണ്.
  • ഓരോ പരീക്ഷകൾക്ക് ശേഷവും വിദ്യാർത്ഥികളെ സ്‌കൂളുകളിൽ തുടരാൻ അനുവദിക്കരുത്.
  • എല്ലാ വിദ്യാർത്ഥികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള എല്ല്ലാ മുൻകരുതലുകളും നടപടികളും സ്‌കൂളുകൾ ഉറപ്പാക്കേണ്ടതാണ്.
  • പരീക്ഷകൾ നടക്കുന്ന മുഴുവൻ സമയവും കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി ഡോക്ടർ, നഴ്സ് എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. ഇവർ എല്ലാ കുട്ടികളുടെയും ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ടെന്നു ഉറപ്പാക്കുകയും, രോഗലക്ഷണങ്ങൾ കാണുന്ന കുട്ടികളെ ഉടൻ വീട്ടിലേക്ക് മാറ്റുകയും വേണം.
  • പരീക്ഷാ കാലയളവിൽ കുട്ടികൾക്ക് സ്‌കൂൾ വാഹനങ്ങളിൽ സഞ്ചാരസൗകര്യങ്ങൾ നൽകാൻ പാടില്ല. വിദ്യാർത്ഥികളെ രക്ഷിതാക്കൾ തന്നെ പരീക്ഷകൾക്ക് സ്‌കൂളുകളിൽ എത്തിയ്ക്കാനുള്ള സംവിധാനം ചെയ്യേണ്ടതാണ്.

നിലവിലെ സാഹചര്യങ്ങളനുസൃതമായുള്ള തീരുമാനമാണിതെന്നും, മാറുന്ന സാഹചര്യങ്ങളിൽ ഇതിൽ മാറ്റം വരാം എന്നും അറിയിപ്പിൽ പറയുന്നുണ്ട്. സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരോട് ഇമെയിൽ സന്ദേശങ്ങൾ തുടർച്ചയായി നിരീക്ഷിക്കാനും, മാറ്റങ്ങൾക്കനുസരിച്ചുള്ള നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കാനും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്.