രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും, രാജ്യത്ത് തൊഴിൽ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് 5 വർഷത്തെ തടവും (പരമാവധി 15 വർഷം വരെ), ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ ശിക്ഷാനടപടികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ, ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങൾ എന്നിവ അധികൃതർ പിടിച്ചെടുക്കുന്നതാണ്.
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10842 പേരെ 2022 ഏപ്രിൽ 28 മുതൽ 2022 മെയ് 4 വരെയുള്ള കാലയളവിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കിയിരുന്നു.