മണൽക്കാറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു; വിമാനസർവീസുകൾ പുനരാരംഭിച്ചതായി DGCA

GCC News

രാജ്യത്ത് തിങ്കളാഴ്ച അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏതാനം സമയത്തേക്ക് തടസപ്പെട്ടു. 2022 മെയ് 23, തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20-നാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ശക്തമായ പൊടിക്കാറ്റ് മൂലം താത്കാലികമായി നിർത്തിവെക്കുന്നതായി വ്യോമയാന വകുപ്പ് അറിയിച്ചത്.

ഈ മണൽക്കാറ്റ് മൂലം രാജ്യവ്യാപകമായി കാഴ്ച്ച തടസപ്പെടുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത്.

Update: വിമാനസർവീസുകൾ പുനരാരംഭിച്ചതായി DGCA

മണൽക്കാറ്റ് മൂലം നിർത്തലാക്കിയ വിമാനസർവീസുകൾ 2022 മെയ് 23-ന് വൈകീട്ട് 5.50 മുതൽ പുനരാരംഭിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പിന്നീട് അറിയിച്ചു. മണൽക്കാറ്റ് മൂലം ഏതാണ്ട് മൂന്നരമണിക്കൂറോളമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്.

തിങ്കളാഴ്ച രാത്രി മുതൽ രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുമെന്ന് കുവൈറ്റ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ പൊടിക്കാറ്റിന്റെ തീവ്രത കുറയുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് 2022 മെയ് 23, തിങ്കളാഴ്ച്ച ശക്തമായ ഒരു മണൽക്കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.