രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി കാലാവധി പരമാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് കുവൈറ്റ് അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് പാർലിമെന്ററി ഇന്റീരിയർ ആൻഡ് ഡിഫെൻസ് അഫയേഴ്സ് കമ്മിറ്റിയാണ് ഈ പ്രമേയത്തിന് അംഗീകാരം നൽകിയത്. നിലവിൽ കുവൈറ്റിലെ പ്രവാസികൾക്ക് അവരുടെ തൊഴിൽ അനുസരിച്ച് രണ്ടോ, മൂന്നോ വർഷം വരെയാണ് പരമാവധി റെസിഡൻസി കാലാവധിയുടെ സാധുത ലഭിക്കുന്നത്.
വിദേശ നിക്ഷേപകരുടെ പരമാവധി റെസിഡൻസി കാലാവധി 15 വർഷമാക്കി ഉയർത്തുന്നതിനും ഈ പ്രമേയത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമുളളവർക്ക് 10 വർഷം വരെ റെസിഡൻസി അനുവദിക്കുന്നതിനും ഈ പ്രമേയം ശുപാർശ ചെയ്യുന്നു.
ഈ പ്രമേയത്തിന് കമ്മിറ്റി അംഗീകാരം നൽകിയതായും, പ്രമേയം പാർലിമെന്റിൽ വോട്ടിങ്ങിന് അവതരിപ്പിക്കുമെന്നും കമ്മിറ്റി ചെയർമാൻ എം പി സാദൗൻ ഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.