യു എ ഇ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കുള്ള സൗദി അറേബ്യയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി എയർപോർട്ടുകൾ വഴി മാത്രമാക്കി നിയന്ത്രിച്ചതായി റിപ്പോർട്ടുകൾ. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമ്മാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് എന്നീ വിമാനത്താവളങ്ങൾ വഴിയാണ് പ്രവേശനമുണ്ടായിരിക്കുക.
സൗദിയിലേക്ക് കരമാർഗമുള്ള പ്രവേശനങ്ങൾ ചരക്ക് ഗതാഗതത്തിനു ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള സാഹചര്യങ്ങളിലാണ് ഈ നടപടി. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന സൗദി പൗരൻമാർക്കും, സൗദി നിവാസികൾക്കും മാർച്ച് 7, ശനിയാഴ്ച്ച 11:55 pm മുതൽ ഈ നിർദ്ദേശം ബാധകമായിരിക്കും.
COVID-19 ഭീഷണി നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നും, നിലവിൽ സൗദി വിസ ഉള്ളവരോ, പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരോ ആയ യാത്രികർ അതാത് രാജ്യങ്ങളിലെ ലബോറട്ടറികളിൽ നിന്നുള്ള രോഗബാധയില്ലാ എന്ന തെളിയിക്കുന്ന PCR മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. അതാത് രാജ്യങ്ങളിൽ സൗദി എംബസികൾ ചുമതലപ്പെടുത്തിയിട്ടുള്ള ലബോറട്ടറികളിൽ നിന്നായിരിക്കണം ഈ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നേടേണ്ടത്.