ഇന്ത്യയിൽ മൂന്ന് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലഡാക്കിൽ നിന്ന് 2 പേർക്കും തമിഴ്നാട്ടിൽ നിന്ന് ഒരാൾക്കുമാണ് രോഗംബാധ കണ്ടെത്തിയിട്ടുള്ളത്. ലഡാക്കിലേ 2 പേരും ഇറാനിലേക്ക് യാത്ര ചെയ്തവരും, തമിഴ്നാട്ടിൽ രോഗം കണ്ടെത്തിയ ആൾ ഒമാനിൽ നിന്ന് മടങ്ങിയെത്തിയതുമാണ്. ഇതോടെ രാജ്യത്ത് കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 34 ആയി.
ഇതിൽ ആദ്യം കേരളത്തിൽ നിന്ന് രോഗം റിപ്പോർട്ട് ചെയ്ത 3 പേരും സുഖം പ്രാപിച്ചിരുന്നു. ബാക്കി 31 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇറാനിൽ ഉള്ള 108 ഇന്ത്യാക്കാരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ലഭിച്ചതായും ഇവയുടെ പരിശോധനകൾ AIIMS-ൽ നടന്നുവരുന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ചിൽ (ICMR) നിന്നുള്ള 6 ശാസ്ത്രജ്ഞരെ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും, ഇറാനിൽ രോഗപരിശോധനാ നടപടികൾക്കുള്ള ലാബുകൾ ആരംഭിക്കാൻ 10 കോടി രൂപയുടെ ഉപകരണങ്ങളും, രോഗബാധ കണ്ടെത്തുന്നതിനുള്ള ആവശ്യമായ വസ്തുക്കളും അയച്ചിട്ടുണ്ട്.
ഇതുവരെ 7,108 വിമാനസർവീസുകളിൽ നിന്നായി 7,26,122 പേരെ വിവിധ വിമാനത്താവളങ്ങളിൽ സൂക്ഷമപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. രാജ്യത്ത് ആകമാനം 52 ലബോറട്ടറികൾ COVID-19 പരിശോധനകൾക്കായി പ്രവർത്തിക്കുന്നുണ്ട്.