രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസിന് അർഹതയുള്ള വ്യക്തികൾ കുത്തിവെപ്പ് സ്വീകരിക്കണമെന്ന ആഹ്വാനം ബഹ്റൈനിലെ കൊറോണ വൈറസ് പ്രതിരോധ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് ആവർത്തിച്ചു. 2022 ജൂൺ 17-നാണ് മെഡിക്കൽ ടാസ്ക്ഫോഴ്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, ബൂസ്റ്റർ ഡോസിന് അർഹതയുള്ള വ്യക്തികൾ, ഓരോ ഒമ്പത് മാസത്തെ ഇടവേളയിലും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കണമെന്നാണ് മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചിരിക്കുന്നത്. ഇത് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്കെതിരെ രോഗപ്രതിരോധശേഷി ഉറപ്പ് വരുത്തുന്നതിന് സഹായകമാണെന്ന് മെഡിക്കൽ ടാസ്ക്ഫോഴ്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഓരോ ഒമ്പത് മാസത്തെ ഇടവേളയിലും ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണെന്ന് മെഡിക്കൽ ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. കൊറോണ വൈറസ് രോഗബാധിതരായ വ്യക്തികൾക്ക് രോഗമുക്തി നേടി ആറ് മാസത്തിന് ശേഷം (അവസാന ഡോസ് വാക്സിനെടുത്ത് 9 മാസം പൂർത്തിയാക്കിയിരിക്കണം) ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.