സൗദി: ഹജ്ജ് തീർത്ഥാടകർക്കിടയിൽ മായം ചേർത്ത ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

GCC News

ഹജ്ജ് തീർത്ഥാടകർക്കിടയിൽ മായം ചേർത്ത ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നവർക്ക് കനത്ത പിഴ, തടവ് എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യം മോശമാകുന്നതിന് ഇടയാക്കുന്ന ഭക്ഷ്യവിഭവങ്ങൾ അവർക്കിടയിൽ വിതരണം ചെയ്യുന്നവർക്കും, ഇത്തരം വിഭവങ്ങൾ വില്പന നടത്തുന്നവർക്കുമെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമങ്ങളിലെ വീഴ്ചകൾ അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നും, ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതായി തെളിയിക്കപ്പെടുന്ന വ്യക്തികൾക്ക് 10 വർഷം വരെ തടവും, 10 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഇത്തരം പ്രവർത്തികൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ ഭക്ഷണവിതരണ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കുന്നതാണ്. ഈ മേഖലയിൽ ഒരു തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് പിന്നീട് അനുമതി ലഭിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.