രാജ്യത്ത് ഈദുൽ അദ്ഹ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി. ജൂലൈ 4-ന് രാത്രിയാണ് NCEMA ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
തിങ്കളാഴ്ച രാത്രി നടന്ന NCEMA പത്രസമ്മേളനത്തിൽ ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമേരിയാണ് ഈദുൽ അദ്ഹ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കിയത്. COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകളോടെയാണ് ഈ വർഷം ഈദുൽ അദ്ഹ ആഘോഷങ്ങൾ അനുവദിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താഴെ പറയുന്ന കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് NCEMA അറിയിച്ചിരിക്കുന്നത്:
- ഈദുൽ അദ്ഹ ദിനത്തിൽ പുലർച്ചെയുള്ള പ്രാർത്ഥനകൾക്ക് ശേഷമായിരിക്കും രാജ്യത്തെ പള്ളികളിലേക്കും, നിസ്കാരകേന്ദ്രങ്ങളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.
- ഈദ് പ്രാർത്ഥനകൾക്ക് പരമാവധി 20 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.
- പള്ളികളെത്തുന്നവരെ സാമൂഹിക അകലം സംബന്ധിച്ച് ഓർമ്മപ്പെടുത്തുന്നതിനുള്ള അടയാളങ്ങൾ പള്ളിപരിസരങ്ങളിൽ പതിക്കുന്നതാണ്.
- ആൾത്തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി പള്ളികളിലേക്ക് വിശ്വാസികൾ പ്രവേശിക്കുന്നതും, തിരികെ മടങ്ങുന്നതും നിരീക്ഷിക്കുന്നതിനായി പ്രത്യേക പോലീസ് പെട്രോൾ യൂണിറ്റുകളെ ഏർപ്പെടുത്തുന്നതാണ്. ഇവർക്ക് പുറമെ ഇതിനായി പ്രത്യേക സന്നദ്ധസേവകരെ ഏർപ്പെടുത്തുന്നതും, പള്ളി ഇമാമുമാർക്ക് നിർദ്ദേശം നൽകുന്നതുമാണ്.
- പള്ളികളിലെത്തുന്നവർ നിർബന്ധമായും മുഴുവൻ സമയവും മാസ്ക് ധരിക്കേണ്ടതാണ്.
- വിശ്വാസികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതാണ്.
- പ്രാർത്ഥനകൾക്കായി പള്ളികളിൽ എത്തുന്നവർ സ്വന്തം നിസ്കാര പായ കൈവശം കരുതേണ്ടതാണ്. അല്ലെങ്കിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിസ്കാര പായ കൈവശം കരുതേണ്ടതാണ്.
- പള്ളികളിൽ ആളുകൾ പ്രാർത്ഥനകൾക്ക് മുൻപോ, ശേഷമോ കൂടി നിൽക്കുന്നതിന് അനുമതിയില്ല.
- പള്ളികളിലെത്തുന്നവർ ഈദ് ആശംസിക്കുന്നതിനായി ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കേണ്ടതാണ്.
- അൽ ഹോസൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- കുട്ടികൾക്ക് പണമോ മറ്റു സമ്മാനങ്ങളോ നേരിട്ട് നൽകുന്നത് ഒഴിവാക്കാനും, പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെ സമ്മാനങ്ങൾ നൽകാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
- ആഘോഷങ്ങളും, ഒത്ത്ചേരലുകളും കുടുംബാംഗങ്ങൾക്കിടയിൽ മാത്രമാക്കി നിയന്ത്രിക്കേണ്ടതാണ്.
- പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾ കഴിയുന്നതും പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മറ്റുള്ളവർ ഇത്തരക്കാരെ സന്ദർശിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- സമൂഹത്തിലെ മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ഇതിനു മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR റിസൾട്ട് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ലെന്ന് ഉറപ്പ് വരുത്താൻ NCEMA ആഹ്വാനം ചെയ്തിട്ടുണ്ട്.
2022-ലെ ഈദുൽ അദ്ഹ ജൂലൈ 9-നാണ് ആചരിക്കുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിലെയും, സർക്കാർ മേഖലയിലെയും ജീവനക്കാരുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് യു എ ഇ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.