രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം തിരികെ ഏർപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. 2022 ജൂലൈ 6-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
രാജ്യത്തെ നിലവിലെ COVID-19 സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തർ ആരോഗ്യ മന്ത്രാലയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം. ഈ തീരുമാന പ്രകാരം രാജ്യത്തെ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ മുതലായ എല്ലാ വ്യക്തികളും ഖത്തറിലെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതാണ്.
2022 ജൂലൈ 7 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.
ഖത്തർ ക്യാബിനറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മുഴുവൻ ഇൻഡോർ പൊതു ഇടങ്ങളിലും മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ ആറ് വയസിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ തീരുമാനം ബാധകമാണ്.
ഖത്തറിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, തൊഴിലിടങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, പള്ളികൾ, ഷോപ്പിംഗ് മാളുകൾ, വ്യാപാരശാലകൾ, സിനിമാശാലകൾ, ജിം തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്.