കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എല്ലാ തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാറുകളിൽ ഉപയോഗിക്കുന്നതിനുള്ള സ്പോർട്സ് എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ, അവയുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി, ഉത്‌പാദനം, വിൽപ്പന എന്നിവയ്ക്കും, ഇത്തരം ഉപകരണങ്ങൾ വാഹനങ്ങളിൽ സ്ഥാപിക്കുന്നതിനും ഈ വിലക്ക് ബാധകമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വകുപ്പ് മന്ത്രി ഫഹദ് അൽ ഷാരിയൻ ഇതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
കാറുകളിൽ നിലവിലുള്ള എക്സ്ഹോസ്റ്റ് സംവിധാനങ്ങളിൽ അമിത ശബ്ദത്തിനിടയാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്ന് കുവൈറ്റിലെ വർക്ക്ഷോപ്പുകൾ, ഗാരേജുകൾ എന്നിവയെയും വിലക്കിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജനറൽ ട്രാഫിക് വകുപ്പിൽ നിന്ന് പ്രത്യേക അനുമതി നേടിയിട്ടുള്ള സ്ഥാപനങ്ങളെ മാത്രമാണ് ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ തീരുമാനത്തിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.