രാജ്യത്ത് ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രവാസി തൊഴിലാളികളെ നിയമവിരുദ്ധമായി നിയമിക്കുകയും, പ്രവാസികളെ മറ്റു സ്ഥാപനങ്ങളിൽ ജോലികൾ ചെയ്യാൻ അനുവദിക്കുകയും, പ്രവാസി തൊഴിലാളികളെ വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നതിന് അനുവദിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഴ്ച്ചകൾ നടത്തുന്ന സ്ഥപനങ്ങൾക്ക് 10000 റിയൽ പിഴ ചുമത്തുന്നതാണ്.
ഇതോടൊപ്പം, ഇത്തരം സ്ഥാപനങ്ങളുടെ നിയമന ലൈസൻസ് പരമാവധി അഞ്ച് വർഷം വരെ റദ്ദ് ചെയ്യപ്പെടാവുന്നതാണ്. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങൾ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്നും, ഇതിനായി വരുന്ന ചെലവ് സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഈടാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ മാനേജിങ്ങ് ഡയറക്ടർ പദവിയിലിരിക്കുന്ന വ്യക്തിക്ക് പരമാവധി ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം പദവികളിലിരിക്കുന്ന പ്രവാസികളെ സൗദി അറേബ്യയിൽ നിന്ന് നാട് കടത്തുന്നതാണ്.