സൗദി: ബാങ്ക് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് വെബ്സൈറ്റുകളെക്കുറിച്ച് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

GCC News

വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 5-നാണ് സൗദി വാണിജ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം വ്യാജ വെബ്സൈറ്റുകളെക്കുറിച്ചും, മന്ത്രാലയത്തിന്റെ പ്രതിനിധികളെന്ന രീതിയിൽ തട്ടിപ്പ് നടത്തുന്ന വ്യക്തികളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് മന്ത്രലായം നിർദ്ദേശിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രലയവുമായി ബന്ധപ്പെട്ടതെന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം വ്യാജ വെബ്സൈറ്റുകളും, വെബ് പേജുകളും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വെബ്സൈറ്റുകൾ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നതിനൊപ്പം, വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കാൻ ആവശ്യപ്പെടുന്നതായും, വിദേശത്ത് നിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെടുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്സ്‌വേർഡുകൾ, മറ്റു കോഡുകൾ മുതലായവ തട്ടിയെടുക്കുന്നതിനാണ് ഇവർ ഇത്തരം പ്രവർത്തികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

സൗദി വാണിജ്യ മന്ത്രാലയം വ്യക്തികളിൽ നിന്ന് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ബാങ്ക് കാർഡ് വിവരങ്ങൾ, ഒ ടി പി പോലുള്ള കോഡുകൾ, പാസ്സ്‌വേർഡുകൾ എന്നിവ ആവശ്യപ്പെടുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.