ഖത്തർ: ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്ക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തി

GCC News

ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊറോണാ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. മാർച്ച് 9 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറാഖ്, ലെബനൻ, നേപ്പാൾ, പാക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ഫിലിപ്പൈൻസ്, സിറിയ, ശ്രീലങ്ക, തായ്‌ലന്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന വിസ ഓൺ അറൈവൽ യാത്രികർ, നിലവിൽ ഖത്തർ റെസിഡൻസ് വിസ അല്ലെങ്കിൽ വർക്ക് പെർമിറ്റ് ഉള്ള പ്രവാസികൾ, താത്കാലിക യാത്രികർ എന്നിവർക്കെല്ലാം ഈ യാത്രാവിലക്ക് ബാധകമായിരിക്കും എന്ന് ഈ വിജ്ഞാപനത്തിൽ പറയുന്നു. ഖത്തറിലെ പൗരന്മാരോടും, പ്രവാസികളോടും അടിയന്തര സ്വഭാവമുള്ളതല്ലാത്ത യാത്രകൾ എല്ലാം ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങളെ തുടർച്ചയായി പരിശോധിച്ച് ഈ തീരുമാനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാദ്ധ്യതകൾ ഉണ്ടെന്നും ഈ അറിയിപ്പിൽ പറയുന്നു.