ഖത്തർ: 2022-2023 അധ്യയന വർഷം; വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം

GCC News

2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 10-നാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുൻപായി മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. 2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ വിദ്യാലയങ്ങളിൽ താഴെ പറയുന്ന COVID-19 സുരക്ഷാ നിർദ്ദേശങ്ങളാണ് നടപ്പിലാക്കുന്നത്:

  • എല്ലാ വിദ്യാലയങ്ങളിലെയും (സർക്കാർ, പ്രൈവറ്റ്, കിന്റർഗാർട്ടൻ എന്നിവ ഉൾപ്പടെ) മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. ഈ പരിശോധന വീടുകളിൽ നിന്നോ, ഇതിനായി നിശ്ചയിച്ചിട്ടുള്ള സേവനകേന്ദ്രങ്ങളിൽ നിന്നോ ചെയ്യാവുന്നതാണ്. ഈ പരിശോധന പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മാത്രമാണ് നിർബന്ധമാക്കിയിട്ടുള്ളത്. ആഴ്ച തോറുമുള്ള പരിശോധന ആവശ്യമില്ല.
  • സ്‌കൂളുകളിലേക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നവർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
  • സ്‌കൂളുകളിലേയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
  • സ്‌കൂളുകളിലേക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്ന ജീവനക്കാർ Ehteraz ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഹാജരാക്കേണ്ടതാണ്.

ഖത്തറിൽ 2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 ഓഗസ്റ്റ് 16 മുതലാണ് ആരംഭിക്കുന്നത്.