സൗദി: ഹജ്ജ് 2023; ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നേരത്തെ ആരംഭിക്കും

GCC News

അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ റിപ്പോർട്ട് പ്രകാരം അടുത്ത ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ 2022 സെപ്റ്റംബറിൽ ആരംഭിക്കുന്നതാണ്. ഇതോടൊപ്പം അടുത്ത ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഏതാനം നടപടിക്രമങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

  • തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നിലവിലെ നറുക്കെടുപ്പ് സമ്പ്രദായം ഒഴിവാക്കാനും നേരിട്ടുള്ള രെജിസ്ട്രേഷൻ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
  • 65 വയസിന് മുകളിൽ പ്രായമുള്ളവർക്കായി ഹജ്ജ് ക്വാട്ടയുടെ 25 ശതമാനം നീക്കിവെക്കുന്നതാണ്.
  • ഇക്കണോമിക് 2 എന്ന ഒരു പുതിയ പാക്കേജ് ഹജ്ജ് പാക്കേജുകളുടെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
  • തീർത്ഥാടകർക്ക് ഫീസ് രണ്ട് തവണകളിലായി അടയ്ക്കുന്നതിന് സൗകര്യം നൽകുന്ന ഒരു പുതിയ പേയ്മെന്റ് സമ്പ്രദായം ഏർപ്പെടുത്തുന്നതാണ്. തീർത്ഥാടകർക്ക് 2022 ഡിസംബർ 24-ന് മുൻപായി രണ്ട് തവണകളായി ഫീസ് അടച്ച് തീർക്കാൻ അനുവദിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നതെന്നാണ് സൂചന.