എക്സ്പോ സിറ്റി ദുബായ്: ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഏതാനം ആകർഷണങ്ങൾ സന്ദർശിക്കുന്നതിന് അവസരം

UAE

2022 ഒക്ടോബർ 1-ന് നടക്കാനിരിക്കുന്ന എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഈ സുസ്ഥിരതയിൽ ഊന്നിയുള്ള നഗരത്തിലെ ഏതാനം ആകർഷണങ്ങൾ അടുത്തറിയുന്നതിന് സന്ദർശകർക്ക് അവസരം നൽകുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 സെപ്റ്റംബർ 1 മുതലാണ് എക്സ്പോ സിറ്റി ദുബായിലെ ഏതാനം ആകർഷണങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.

ഇതിന്റെ ഭാഗമായി എക്സ്പോ സിറ്റി ദുബായിൽ നിലനിർത്തിയിട്ടുള്ള മൊബിലിറ്റി പവലിയനായ അലിഫ്, സസ്റ്റൈനബിലിറ്റി പവലിയനായ ടെറ എന്നിവയിലേക്ക് സന്ദർശർക്ക് പ്രവേശിക്കാവുന്നതാണ്. ഇതോടൊപ്പം എക്സ്പോ സിറ്റിയുടെ 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവറിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

എക്‌സ്‌പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായും, 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുമെന്നും ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുസ്ഥിരത, നവീകരണം, വിദ്യാഭ്യാസം, വിനോദം എന്നിവയാൽ നയിക്കപ്പെടുന്ന ഭാവിയിലെ വാണിജ്യപ്രവർത്തനങ്ങൾക്കും, നവീന ആശയങ്ങൾക്കും അനുയോജ്യമായ മികച്ച ഒരു ലക്ഷ്യസ്ഥാനമായിരിക്കും എക്‌സ്‌പോ സിറ്റി ദുബായ്.

2022 ഒക്‌ടോബർ 1-ന് തുറന്ന് കൊടുക്കുന്ന എക്സ്പോ സിറ്റി ദുബായ്, എക്‌സ്‌പോ 2020 ദുബായ് പ്രദർശനത്തിന്റെ ഭാഗമായിരുന്ന മുൻനിര പവലിയനുകൾ, വിനോദ, സാങ്കേതിക പ്രദർശനങ്ങൾ എന്നിവ നിലനിർത്തുന്ന രീതിയിലാണ് ഒരുക്കുന്നത്. ദുബായ് മെട്രോയിലൂടെ എത്തിച്ചേരാനാകുന്ന എക്സ്പോ സിറ്റി ദുബായ് നഗരത്തിൽ ഓഫീസുകൾ, വിശ്രമവേളകൾക്കുള്ള സൗകര്യങ്ങൾ, ഭക്ഷണ, വിനോദ വേദികൾ, കായിക സൗകര്യങ്ങൾ, ഒരു മാൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.