ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ റിസേർവിൽ നിന്ന് അറേബ്യൻ പെൺപുള്ളിപുലിയുടെയും, കുട്ടിയുടെയും അപൂര്‍വ്വമായ ദൃശ്യങ്ങൾ ലഭിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. ജബൽ സംഹാൻ റിസേർവിൽ നടത്തിയ ഒരു സർവേയുടെ ഭാഗമായാണ് ഈ ചിത്രങ്ങൾ ലഭിച്ചത്.
അറേബ്യൻ പെൺപുള്ളിപുലിയുടെയും, ഏതാനം ആഴ്ച്ചകൾ മാത്രം പ്രായമുള്ള പുലിക്കുട്ടിയുടെയും ചിത്രങ്ങൾ ഈ മേഖലയിലെ സ്വാഭാവിക പരിസ്ഥിതിയിൽ ഇവ പ്രജനനം നടത്തുന്നതിന്റെയും, അതിജീവനം നടത്തുന്നതിന്റെയും പ്രത്യാശയേകുന്ന സൂചകങ്ങളാണെന്ന് അതോറിറ്റി അറിയിച്ചു.
നുബിയൻ ഐബെക്സ് , അറേബ്യൻ വുൾഫ് എന്നീ ജീവികളുടെയും ദൃശ്യങ്ങൾ മേഖലയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെ വലിയ സസ്തനികളുടെ കണക്കെടുക്കുന്നതിനായി എൻവിറോണ്മെന്റ് അതോറിറ്റി നടത്തുന്ന സർവേ 2022 അവസാനം വരെ തുടരുന്നതാണ്.
ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയുടെ സാന്നിധ്യം ദോഫർ ഗവർണറേറ്റിലെ നജദ് മേഖലയിൽ കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി വകുപ്പ് 2021 ഓഗസ്റ്റ് 5-ന് അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപുലികളാണ് അറേബ്യൻ പുള്ളിപ്പുലികൾ. അറേബ്യൻ ഉപദ്വീപുകളിൽ കാണപ്പെടുന്ന ഈ പുള്ളിപ്പുലി ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.