രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 സെപ്റ്റംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്ന് യാത്ര ചെയ്തെത്തിയ ഒരു വ്യക്തിയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെത്തുടർന്നുള്ള പരിശോധനകളിലാണ് ഇദ്ദേഹത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചത്.
ബഹ്‌റൈൻ ന്യൂസ് ഏജൻസിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 മെയ് മാസം ആദ്യം മുതൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ മങ്കിപോക്സ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് മങ്കിപോക്സ് വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള മുൻകൂർ റജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മങ്കിപോക്സ് വ്യാപനം നേരിടുന്നതിനായി ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്.