സൗദി: ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് മടങ്ങണമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 29-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

നിലവിൽ 90 ദിവസമാണ് ഉംറ വിസകളുടെ കാലാവധി. കാലാവധി അവസാനിച്ച ശേഷം സൗദിയിൽ തുടരുന്നത് ചട്ടലംഘനമായി കണക്കാക്കുന്നതാണ്. അതിനാൽ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി ഉംറ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉംറ വിസകളുടെ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി മന്ത്രാലയം നേരത്തെ ഉയർത്തിയിരുന്നു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്കും ഈ തീരുമാനം ബാധകമാകുന്നതാണെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാനും, തിരികെ മടങ്ങാനും അനുമതി നൽകിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.