വാണിജ്യ ആവശ്യങ്ങൾക്കായി, പ്രത്യേക ലൈസൻസ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ മുന്നറിയിപ്പ് നൽകി. 2022 നവംബർ 1-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിന് ലൈസൻസ് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അധികൃതരിൽ നിന്ന് മുൻകൂറായി ലൈസൻസ് എടുത്തിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതിനായുള്ള അപേക്ഷകൾ വിവിധ ഗവർണറേറ്റുകളിലെ മന്ത്രാലയത്തിന്റെ ഓഫീസുകളിൽ സമർപ്പിക്കാവുന്നതാണ്. ഈ അപേക്ഷകളോടൊപ്പം ഇത്തരം ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന വാണിജ്യ ഉത്പന്നത്തിന്റെ മാതൃകകൾ സമർപ്പിക്കേണ്ടതാണ്.
ലൈസൻസ് കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വാണിജ്യ ആവശ്യങ്ങൾക്കായി, പ്രത്യേക ലൈസൻസ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ വാണിജ്യ മന്ത്രാലയം 2022 ഒക്ടോബർ 18-ന് അറിയിച്ചിരുന്നു.