രാജ്യത്തെ ഏതാനം തൊഴിലുകളിലേക്ക് പുതിയതായി നിയമിക്കപ്പെടുന്ന പ്രവാസികൾക്ക് പ്രത്യേക പരീക്ഷകൾ ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭനടപടികൾ കുവൈറ്റ് അധികൃതർ ആരംഭിച്ചതായി സൂചന. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള ഇരുപതോളം തൊഴിലുകളുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ അതോറിറ്റി ആരംഭിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന തൊഴിലുകളിലേക്ക് പുതിയതായി നിയമിക്കപ്പെടുന്ന പ്രവാസികളുടെ നിലവാരം ഉറപ്പ് വരുത്തുന്നതിനായി അവരുടെ രാജ്യത്ത് വെച്ച് തന്നെ പ്രത്യേക പരീക്ഷ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
വിവിധ രാജ്യങ്ങളിലെ കുവൈറ്റ് എംബസികളുമായി ചേർന്ന് ഈ തീരുമാനം നടപ്പിലാക്കുന്നതിനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഇത്തരം പരീക്ഷകൾ തീയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നതെന്നാണ് സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തീയറി പരീക്ഷകൾ പ്രവാസിയുടെ രാജ്യത്ത് വെച്ചും, പ്രാക്ടിക്കൽ കുവൈറ്റിൽ വെച്ചുമാണ് നടത്തുന്നത്.